Malayalam Loves Wikimedia III

ലോകത്തിലെ ഏറ്റവും ജനകീയമായ ഒരു ഹോബി ഏതെന്ന് ചോദിച്ചാല്‍ എനിക്ക് തോന്നുന്ന ഒരുത്തരം ഫോട്ടോഗ്രാഫി എന്നാണ്. കാഴ്ചയനുഭവങ്ങളെ എങ്ങനെ ചിത്രങ്ങളായി സൂക്ഷിക്കാമെന്ന സ്വപ്നത്തില്‍ നിന്നാണ് ഫോട്ടോഗ്രാഫി എന്ന സങ്കേതത്തിന്റെ, ഛായാഗ്രഹണമെന്ന കലയുടെ പിറവി. 1822ല്‍ ഫ്രഞ്ചുകാരനായ നൈഡ്‌ഫോര്‍ നിപ്‌സെയില്‍ തുടങ്ങിയ ആധുനിക ഫോട്ടോഗ്രാഫിയുടെ ചരിത്രം ഇന്ന് സാര്‍വത്രികയായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലെത്തി നില്‍ക്കുന്നു. ഈ പോസ്റ്റ് ഫോട്ടോഗ്രാഫിയെക്കുറിച്ചോ അതിന്റെ സങ്കേതിക വിദ്യയെക്കുറിച്ചുള്ളതോ അല്ല, നിങ്ങളുടെ ഇങ്ങനെ ഒരു കഴിവ് അല്ലെങ്കില്‍ ഹോബി എങ്ങനെ സമൂഹത്തിന്റെ ഗുണത്തിനായി പങ്കുവയ്ക്കാന്‍ സഹായിക്കാമെന്നുള്ളതിനെക്കുറിച്ചുള്ള സഹായക കുറിപ്പാണ്. ഒരുപാടു പേര്‍ അവരെടുക്കുന്ന ചിത്രങ്ങളും മറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റും ഷെയര്‍ ചെയ്യാറുണ്ട്. ചുരുങ്ങിയ സമയത്തെ ലൈക്കുകളും റീഷെയര്‍ ചെയ്യലിനും ശേഷം അത് സോഷ്യല്‍നെറ്റ്വര്‍ക്കുകളിലെ ഗര്‍ത്തങ്ങളില്‍ മുങ്ങിപ്പോകും. ഓര്‍ക്കുട്ടിനെപ്പോലെ ചുരുങ്ങിയ ആയുസ്സേ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകള്‍ക്കും പ്രതീക്ഷിക്കേണ്ടതുള്ളൂ. ട്രന്റ് മാറുന്നതിനനുസരിച്ച്  വിജ്ഞാനത്തിരു രൂപമയായ മീഡിയ ഫയലുകളുടെ സംഭരണിയും മാറാനൊക്കുമോ ! നിങ്ങളെടുക്കുന്ന ചിത്രങ്ങള്‍ സമൂഹത്തിന് സ്വതന്ത്രമായി ഉപയോഗിക്കാന്‍ ലഭ്യമാകണമെങ്കില്‍ അത് ഇന്റര്‍നെറ്റിലെവിടെയെങ്കിലും കൃത്യമായ ലൈസന്‍സ് ടാഗോടെ പ്രസിദ്ധീകരിക്കുകയാണ് ഒരു പോംവഴി. ഫ്ലിക്കര്‍ പോലുള്ള പല ഫോട്ടോ ഷെയറിങ്ങ് വെബ്സൈറ്റുകളിലും അതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.

Malayalam-loves-wikimedia

വിക്കിപീഡിയയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. ലോകത്തിലെ എല്ലാ ഭാഷകളിലേയും അറിവ് അതാത് ഭാഷകളില്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സന്നദ്ധമുന്നേറ്റമാണിത്.നിലവില്‍ മുന്നൂറിലധികം ലോകഭാഷകളില്‍ വിക്കിസംരംഭങ്ങളുണ്ട്. വിശ്വേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യരാശിയുടെ ചരിത്രത്തിൽ ഏറുകല്ലു്, മുള, പശു, കുതിര, ചക്രം, നാരായം,
അച്ച്, കമ്പിത്തപാൽ, ഫോൺ, റേഡിയോ, ടീവി, ഇന്റർനെറ്റ് എന്നിവയ്ക്കുശേഷമുള്ള
പതിമൂന്നാമത്തെ മൈൽക്കുറ്റിയാണു് വിക്കിപീഡിയ.
ഇനി കാര്യത്തിലേക്ക് വരാം. സ്വതന്ത്രമായ വിജ്ഞാന നിര്‍മ്മിതിയ്ക്കും വിതരണത്തിനും പകര്‍പ്പാവകാശം എന്നത് ഇന്നത്തെ പരിതസ്ഥിതിയില്‍ ഭീഷണിയാണ്. ഉള്ളടക്കങ്ങള്‍, ചിത്രങ്ങള്‍ സ്വതന്ത്രമായ ലൈസന്‍സോടെ പങ്കുവച്ചാലേ വിക്കിപീഡിയ പോലുള്ള സംരംഭങ്ങള്‍ക്കോ അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കോ ഇത് പുനരുപയോഗിക്കാന്‍ സാധിക്കൂ. വിക്കിമീഡിയ കോമണ്‍സ് എന്ന സംരംഭത്തിലാണ് ഇവയെല്ലാം ശേഖരിക്കപ്പെടുന്നത്. ലോകത്തിലെ പതിനായിരക്കണക്കിന് ആളുകളുടെ ശ്രമഫലമായി സ്വതന്ത്രമായി ഉപയോഗിക്കാവുന്ന 1,77,08,285ല്‍  അധികം മീഡീയ പ്രമാണങ്ങള്‍ ഇതുവരെ സമാഹരിച്ചിട്ടുണ്ട്. ഇവയിലെല്ലാം മലയാളത്തിന്റെ മണമുള്ള ചിത്രങ്ങള്‍ വളരെ കുറവാണെന്നതില്‍ നിന്നാണ് യൂറോപ്യൻ രാജ്യങ്ങളിലെ വിക്കിസമൂഹങ്ങള്‍ കൂടുതല്‍ പ്രാദേശിഅ ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ വേണ്ടി നടത്തിയ London Loves Wikipedia പോലുള്ള സംരംഭങ്ങള്‍ മാതൃകയാക്കി ഇങ്ങനെ ഒരു പദ്ധതി തുടങ്ങുന്നത്.

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ
വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ
പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ
ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു . 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പിൽ 2155 പ്രമാണങ്ങളും 2012 ൽ നടത്തിയ രണ്ടാം പതിപ്പിൽ
‎11159 പ്രമാണങ്ങളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഭാഗമായി നമുക്ക്
ശേഖരിക്കാനായി. 2013 ൽ ഇതിന്റെ മൂന്നാം പതിപ്പ്, 2013 ജൂലൈ 15 മുതൽ
ആഗസ്റ്റ് 15 വരെയായി നടന്നുകൊണ്ടിരിക്കുന്നു.മുകളില്‍ പറഞ്ഞ കാര്യങ്ങളിലൊക്കെ നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ എന്തായാലും ഈ കൂട്ടയ്മയില്‍ പങ്കെടുക്കണം. സാങ്കേതികത അറിയില്ലെന്നോ സമയമില്ലെന്നോ പറഞ്ഞ് ഒഴിവാക്കരുതെന്ന് അപേക്ഷ. :) സംശയങ്ങളുടെങ്കില്‍ പങ്കുവയ്ക്കാന്‍ നിരവധി വേദികള്‍ ലഭ്യമാണ്. മലയാളം വിക്കിമീഡിയ മെയിലിങ്ങ് ലിസ്റ്റിലോ പദ്ധതിപേജിന്റെ സംവാദം താളിലോ ഫേസ്ബുക്കിലേയും ഗൂഗിള്‍ പ്ലസ്സിലേയും ഇവന്റ് പേജിലോ help@mlwiki.in എന്ന വിലാസത്തിലേക്ക് എഴുതിയോ അല്ലെങ്കില്‍ ഏതെങ്കിലും സജീവ വിക്കിമീഡിയനോടോ ഇതേക്കുറിച്ച് ചോദിക്കാവുന്നതാണ്.

ഇവന്റ് തുടങ്ങി മുപ്പത് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും ആയിരം പ്രമാണത്തിലധികം അപ്ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. അപ്ലോഡ് ചെയ്യപ്പെട്ട പ്രമാണങ്ങള്‍ ഇവിടെ നോക്കിയാല്‍ കാണാവുന്നതാണ്. കൂടുതല്‍ പേരിലേക്ക് ഇതിന്റെ സന്ദേശങ്ങളെത്തിക്കുവാന്‍ ഈ കൂട്ടായ്മാ പദ്ധതി ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു. :)

ശ്രദ്ധിക്കാനുള്ളത് : അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia event – 3}} അല്ലെങ്കിൽ {{MLW3}} എന്ന ഫലകം ചേർത്തിരിക്കണം. “മറ്റ് വിവരങ്ങൾ” (Additional info) എന്ന ഫീൽഡിലാണ് ഈ ഫലകം ചേർക്കേണ്ടത്. പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ തിരിച്ചറിയാൻ ഇതാവശ്യമാണ്.
മറ്റൊരാൾ എടുത്ത ചിത്രം അദ്ദേഹത്തിന്റെ അനുവാദം കൂടാതെ അപ്‌ലോഡ് ചെയ്യരുത്.
അഥവാ അനുവാദം കിട്ടിയതാണെങ്കിൽ ആ അനുവാദം ചിത്രത്തിന്റെ ഉടമസ്ഥർ
വിക്കിപീഡിയയിലേയ്ക്ക് ഇ-മെയിൽ ആയി അറിയിക്കാൻ തയ്യാറായിരിക്കണം. കൂടുതല്‍ സഹായത്തിന് ബന്ധപ്പെടുക.

വിക്കിപീഡിയയിലെ ലൈസന്‍സുകളെക്കുറിച്ച് ധാരണ ലഭിക്കാന്‍ ഈ ചിത്രസഹായി കാണുക. വിക്കിപീഡിയയില്‍ പങ്കുവയ്ക്കുന്നത് കൊണ്ട് രചയിതാവിന് അതിന് മേലുള്ള അവകാശം നഷ്ടപ്പെടുന്നില്ല. CC-BY-SA-3.0 തുടങ്ങിയ ലൈസന്‍സുകളിലാണെങ്കില്‍ ഛായാഗ്രാഹകന് കടപ്പാട് നല്‍കികൊണ്ട് സമൂഹത്തിന്ഏതൊരാവശ്യത്തിനും ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യം മാത്രമാണ് ഇതിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. :)


പോസ്റ്ററുകള്‍ക്ക് കടപ്പാട് : സുഗീഷ്. ജി, 

കൂടുതല്‍ പോസ്റ്ററുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ലഭ്യമാണ്. അവ റീഷെയര്‍ ചെയ്ത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രൊഫഷ്ണല്‍ ആയി ഫോട്ടോഗ്രാഫിയെ സമീപിക്കുന്നവരിലേക്ക് കൂടുതല്‍
എത്തുന്നതുവഴി ഗുണമേന്മയുള്ള ചിത്രങ്ങള്‍ കൂടുതലായി സ്വതന്ത്രലൈസന്‍സില്‍
ലഭ്യമാകുമെന്ന് കരുതുന്നു. പല ഫോട്ടോഗ്രാഫി കൂട്ടായ്മകളും ഈ ആശയങ്ങളെ
പിന്തുണയ്ക്കാനെത്തിതുടങ്ങുന്നത് സന്തോഷമുള്ള കാര്യമാണ്.

വിനയേട്ടന്‍ കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്കിലിട്ട സ്റ്റാറ്റസ് സന്ദേശം കൂടി ചേര്‍ത്ത് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു :))
ആയിരക്കണക്കിന് ചിത്രങ്ങൾ എടുത്ത് കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ള സുഹൃത്തേ, ഓർക്കുക അത് താങ്കൾക്ക് മാത്രമാണ് ഉപകാരപ്പെടുന്നത്. മാത്രമല്ല അത് ഏതു നേരവും എന്നേക്കുമായി നഷ്ടപ്പെടുകയുമാവാം. ഉടൻ മികച്ച ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യൂ, എല്ലാവർക്കും എല്ലാക്കാലത്തേക്കും ഉപകരിക്കട്ടേ. മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു, ഉൽസവത്തിന്റെ മൂന്നാം പതിപ്പ് ആരംഭിച്ചിരിക്കുന്നു. കുറച്ചു ചിത്രങ്ങളെങ്കിലും ഉടൻ സംഭാവന ചെയ്യൂ. 

ഒരു നല്ല വിക്കിമീഡിയ അനുഭവം ആശംസിച്ചുകൊണ്ട് സസ്നേഹം – മനോജ്‌ .കെ 12:30, 17 ജൂലൈ  2013

CC BY-SA

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>