Tag Archives: കുടജാദ്രി യാത്ര

കുടജാദ്രിയിലേക്ക്

ങ്ങോട്ടെങ്കിലും ഒരു യാത്ര പോകണം എന്ന് തോന്നിയപ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത് കുടജാദ്രിയാണ്. രണ്ട് വര്‍ഷം മുമ്പെ തിരുമാനിച്ച് നടക്കാതെ പോയ ഒരു യാത്ര. കുടജാദ്രിയെക്കുറിച്ച് കുറേ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. ഈ സ്ഥലം എവിടെയെന്നുപോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. യാത്രയുടെ ആസൂത്രഘട്ടത്തിലേ മനസ്സിലായി ഇത് തനിച്ചുള്ള ഒരു യാത്രയാവുമെന്ന്. ഞാനും ഇതുപോലൊരു യാത്ര ആഗ്രഹിച്ചിരുന്നു. ദൂരെ ദൂരെയുള്ള സ്ഥലങ്ങളിലേക്ക്.. അറിയാത്ത ഭാഷകളുള്ള സംസ്കാരങ്ങളുള്ള ഭൂപ്രകൃതിയുള്ള നാടുകളിലേക്ക്.. കുടജാദ്രി ഒരു തുടക്കമായെന്ന് മാത്രം.കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി (കൊടചാദ്രി). ഇതിന്റെ താഴ്വരയിലാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൂകാംബിക ദേശീയോദ്യാനത്തിന്റെ പരിധിയില്‍ വരുന്ന ഇവിടം നിബിഡമായ ചോലവനമാണ്. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയത്തും കോടമഞ്ഞു മൂടിക്കിടക്കുന്നു. ട്രക്കിങ്ങിന് വളരെ അനുയോജ്യമായ സ്ഥലമാണിത്. അതും മണ്‍സൂണ്‍ സമയത്തെ ട്രക്കിങ്ങ് ആകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സാഹസികമാകും.

സ്ഥലത്തിന്റെ കിടപ്പും ഏകദേശവഴികളും മുമ്പ് യാത്ര ചെയ്തവരോടും ഗൂഗിളിലുമൊക്കെ തപ്പിയായിരുന്നു യാത്ര. തനിച്ചാണെന്നതിനാലും ഇതുപോലൊരു യാത്ര ആദ്യമാണെന്നതിനാലും ഉപ്പ് മുതല്‍ മെഴുകുതിരിയും കത്തി വരെ കയ്യില്‍ കരുതി. വിചാരിച്ച പോലെ എല്ലാത്തിനും അതിന്റേതായ ആവശ്യം തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായി. കയ്യില്‍ വിലപിടിപ്പുള്ളതെന്ന് പറയാവുന്നത് ഒരു ക്യാമറ മാത്രം. പണം വളരെ കുറവ് മാത്രമേ ചിലവാക്കൂ എന്ന് മുന്‍കൂട്ടിയേ തിരുമാനിച്ചിരുന്നതിനാല്‍ 1000+ രൂപമാത്രമാണ് കൈയ്യില്‍ കരുതിയത്.

മാവേലി എക്സ്പ്രസ്

അങ്ങനെ സ്വപ്നം കണ്ട യാത്രയുടെ ദിവസമെത്തി. ജൂണ്‍ 8 ന് രാത്രി അങ്ങനെ തിരുവനന്തപുരം-മംഗലാപുരം മാവേലി എക്പ്രസില്‍ തൃശ്ശൂരില്‍ നിന്ന് കയറി. വീക്കെന്റ് ആയതുകൊണ്ടാണെന്ന് തോന്നുന്നു കാല് നിലത്ത് കുത്താന്‍ വകുപ്പില്ലാത്ത തിരക്ക്. കോഴിക്കോട് എത്തുന്നതുവരെ ആ നില്‍പ്പ് നില്‍ക്കേണ്ടിവന്നു. പിന്നെ മുകളിലെ ബര്‍ത്തില്‍ കയറി സുഖമായി ഒരു ഉറക്കം.രാവിലെ എഴുനേറ്റപ്പോഴേക്കും കേരളത്തിന്റെ അതിര്‍ത്തി കടന്നിരുന്നു.രാവിലെ എട്ടരയോടെ മംഗലാപുരം എത്തി.

കൊല്ലൂരിലേക്ക് എത്താന്‍ പ്രധാനമായും രണ്ട് വഴിയാണ് ഉള്ളത്. ഒന്ന് മംഗലാപുരത്തിറങ്ങി ബസ്സ് പിടിയ്ക്കുക. 135 കിലോമീറ്റര്‍ ഏതാണ്ട് 4 മണിക്കൂര്‍ യാത്രയുണ്ട് ഇവിടെനിന്ന്. പിന്നെയുള്ള ഒരു മാര്‍ഗ്ഗം ബൈന്ദൂരു എന്ന റൈയില്‍വേ സ്റ്റേഷനാണ്. കൊല്ലൂരില്‍ നിന്ന് ഏതാണ്ട് 27  കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ആളുകള്‍ അധികമുണ്ടെങ്കില്‍ ഈ വഴിയാണ് സാമ്പത്തികമായി ലാഭം. മംഗലാപുരം ഇറങ്ങി ലോക്കല്‍ ട്രയില്‍ കയറി ബൈന്ദൂരു എത്താം.

കൊല്ലൂരിലേക്കുള്ള ബസ്സ് (യാത്രാ മദ്ധ്യേ)

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്നെയുള്ള ബസ്സില്‍ കയറി
മൂകാംബികയിലേക്കുള്ള യാത്ര തുടങ്ങി. മലയാളികള്‍ തന്നെയാണ് ബസ്സ്
സര്‍വ്വീസിന് പിന്നിലും. പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് സാധാരണ
യാത്രാക്കൂലി 100 രൂ പകരം 130ചാര്‍ജ്ജ് ചെയ്യുമെന്ന് മാത്രം.തിരിച്ച് വരുമ്പോള്‍ കര്‍ണ്ണാടക ബസ്സില്‍ കയറിയപ്പോഴാണ് ഈ പകല്‍ക്കൊള്ള എനിക്ക് പിടികിട്ടിയത്.

കൊല്ലൂര്‍ മൂകാംബിക ബസ്സ് സ്റ്റാന്റ്

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൊല്ലൂര്‍ എത്തി. ഒരു മഴയോടെ ആ നഗരം എന്നെ സ്വാഗതം ചെയ്തു. അത്ര അപരിചത്വം തോന്നാത്ത സ്ഥലം. കുടജാദ്രിയായിരുന്നു പ്രഥമലക്ഷ്യമെന്നതിനാല്‍ മൂകാംബികാ ദര്‍ശ്ശനം തിരിച്ച് വരുമ്പോഴത്തേക്ക് മാറ്റി. കുടജാദ്രിയുലേക്കുള്ള ബസ്സ് 2 മണിക്കാണെന്നതിനാല്‍ കൊല്ലൂരിലെ ഊടുവഴികളിലൂടെ കുറേ നടന്നു. ദൂരെ മേഘങ്ങള്‍ തഴുകി നില്‍ക്കുന്ന മലനിരകള്‍ ഇവിടെന്നിന്ന് തന്നെ കാണാനാകും.

 

കൊല്ലൂര്‍ നഗരം

സൗപര്‍ണ്ണികയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മൂകാംബികാ ക്ഷേത്രത്തിന് നൂറ്റണ്ടുകളുടെ പഴക്കമുണ്ട്. ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചാതണെന്ന് വിശ്വസിക്കുന്നു. ക്ഷേത്രോൽപ്പത്തിയെക്കുറിച്ചു പല സങ്കൽപ്പങ്ങളും ഐതിഹ്യങ്ങളും
നിലവിലുണ്ട്‌.
കോല മഹർഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തിൽ മറ്റൊരു അസുരനും ശിവ
പ്രീതിക്കായി ഇതേ പ്രദേശത്തിൽ തപസ്സുചെയ്തു വന്നിരുന്നു. അസുരതപസ്സിൽ
സന്തുഷ്ടനയി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ
അസുരനെ പാർവതി ദേവി മൂകനാക്കി. ഇതിൽ കോപിഷ്ടനയ മൂകാസുരൻ ദേവി ഭക്തനായ കോല
മഹർഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ദേവി മൂകാസുരനെ വധിക്കുകയും കോല
മഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും
ചെയ്തു എന്നാണു സങ്കൽപം. ആദിശങ്കരൻ
പ്രദേശത്തു അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ ദേവി പ്രത്യക്ഷപ്പെടുകയും അന്നു
ദേവി ദർശനം കൊടുത്ത രൂപത്തിൽ സ്വയംഭൂവിനു പുറകിൽ ദേവി വിഗ്രഹം അദ്ദേഹം
പ്രതിഷ്ഠ നടത്തി എന്നും വിശ്വസിക്കപ്പെടുന്നു. (കടപ്പാട്: വിക്കി)

കൃത്യം രണ്ടുമണിക്ക് തന്നെ കുടജാദ്രിയിലേക്ക് ബസ്സ് പുറപ്പെട്ടു. അരമണിക്കൂറോളമുള്ള യാത്രയ്ക്ക് ശേഷം കാനനമദ്ധ്യേയുള്ള കരന്‍കട്ടെ എന്ന സ്ഥലത്തെത്തി.

ഇനിയെങ്ങോട്ട് എന്ന ചോദ്യവുമായി നില്‍ക്കുമ്പോഴാണ് ഒരു കൂട്ടം കുട്ടികളെ കണ്ടത്. എന്റെ അപരിചിതത്വം കണ്ടപ്പോഴേ അതിലെ ഒരു കുട്ടി കൈകാട്ടി വിളിച്ചു. കന്നടയില്‍ എന്തോ പറയുന്നുണ്ട്. എനിക്കൊന്നും മനസ്സിലാകുന്നില്ല. കൊല്ലൂര്‍ ഗവണ്‍മെന്റ് സ്കൂളിലെ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവരാണെന്ന് മനസ്സിലായി. പിന്നെയും എന്തൊക്കെയോ ചോദിച്ചു. കാവേരി, ഉമ, വീരേന്ദ്രന്‍.. തുടങ്ങി അവരുടെ പേരുകള്‍. ക്യാമറയും പിടിച്ച് നടന്ന എനിക്ക് അവരുടെ ഒപ്പമെത്താന്‍ പാടുപെടേണ്ടിവന്നു.സ്കൂള്‍ ഹോസ്റ്റലില്‍ താമസ്സിക്കുന്ന ഇവര്‍ ആഴ്ചാവസാനമായതോടെ വീട്ടിലേക്ക് വരുന്നതാണ്.

കുടജാദ്രിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുനില്‍ക്കുന്ന ഓന്ത്
കുടജാദ്രി കയറ്റം (കുട്ടികളൊടൊന്നിച്ച്)

കുട്ടികളോടൊത്തുള്ള യാത്ര രസമായിരുന്നു. കുടജാദ്രിയില്‍ പോയാല്‍ മൊബൈലില്‍ റേഞ്ച് കിട്ടുമെന്നും അവിടെ താമസിക്കാനും ഭക്ഷണം കിട്ടുമെന്നുമൊക്കെയാണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായി. വായടികളായ കൂട്ടുകാരുമൊന്നിച്ച് എന്റെ സ്കൂളിലേക്ക് വിലങ്ങന്‍ കുന്നിന്റെ കയറ്റം കയറുന്ന എന്റെ ബാല്യം എനിക്കോര്‍മ്മവന്നു. മുകളിലേക്ക് കയറും തോറും കാടിനെ സാന്ദ്രത കൂടി വന്നു. വഴി ചെളിയും മറ്റുമായി നല്ല കുഴമ്പ് പരുവത്തിലാണ്. ഇടയ്ക്കിടയ്ക്ക് ഓരോ അട്ടകളും കാലില്‍ കയറുന്നുണ്ട്. ഇതൊക്കെ നിസാരഭാവത്തില്‍ തട്ടിക്കളയുന്ന കുട്ടികളുടേതു പോലെ ഞാനും അനുകരിച്ചു. ചില കുട്ടികള്‍ ചെരിപ്പുപോലുമിട്ടിട്ടില്ല. സ്ഥിരമായി ഈ വഴി സഞ്ചരിക്കുന്ന ഇവര്‍ക്ക് ഇതൊന്നും വലിയ കാര്യമായിരിക്കില്ല.

ഒന്നരമണിക്കൂറോളമുള്ള
വീട്ടിലേക്കുള്ള ഈ കാല്‍നടയാത്രയില്‍ കൊറിയ്ക്കാനായി ഇവര്‍ കുറേ പലഹാരങ്ങള്‍ വാങ്ങിയിരുന്നു. മുറുക്കും അതുപോലുള്ള പേരറിയാത്ത കുറേ പലഹാരങ്ങള്‍. എനിക്കും അതൊക്കെ രുചിനോക്കാന്‍ കിട്ടി. തിരിച്ച് എന്തെങ്കിലും പങ്കുവയ്ക്കാന്‍ ഞാനൊന്നും വാങ്ങിയിരുന്നില്ല. എന്തെങ്കിലുമൊക്കെ ബാഗില്‍ കരുതാമായിരുന്നു. മലകയറ്റവും പലഹാരം കൊറിയ്ക്കലും വാ തോരാതെയുള്ള സംസാരവുമൊക്കെയായി അരമണിക്കൂറോളം അങ്ങനെ പോയി.
പലഹാരങ്ങളൊക്കെ
തീര്‍ന്നപ്പോള്‍ കുട്ടികള്‍ വഴിയരികിലെ കുറ്റിച്ചെടികളില്‍ നിന്ന്
പലതരത്തിലുള്ള പഴങ്ങളൊക്കെ പൊട്ടിച്ച് കൊണ്ടുവന്നത് തന്നു. എന്നെ പോലെ ഒരു
അതിഥിക്ക് ഇതില്‍ കൂടുതലൊന്നും ഇവിടെ കിട്ടാനില്ല.ചവര്‍പ്പും പുളിപ്പുമായി
കാട്ടുപഴങ്ങളുടെ പലതരം സ്വാദുകള്‍..
(ബത്തദിന്‍
എന്നും കോലിക്കായ് എന്നുമൊക്കെ പറഞ്ഞ കായ്കളെ പറ്റിയുള്ള വിവരങ്ങള്‍ എവിടെയും നോക്കിയിട്ട്
കണ്ടത്താന്‍ പറ്റിയില്ല. കണ്ടുപരിചയമുള്ളവര്‍ ഒന്ന് പറയുമല്ലോ.)
കുടജാദ്രിയിലേക്കുള്ള കാനനപാത
Chocolate Pansy | ചോക്ലേറ്റ് ശലഭം

കയറ്റവും ചെളിപിടിച്ച മണ്‍പാതയുടെ അവസ്ഥയും കൂടിക്കൂടിവരുകയാണ്. അട്ടയുടെ ആക്രമണം കൂടിയതുകാരണവും
ഇടയ്ക്ക് പറന്ന് വരുന്ന പൂമ്പാറ്റകള്‍ക്ക് പിന്നാലെ പോകുന്ന കാരണവും എന്റെ നടത്തിന്റെ സ്പീഡ്
കുറഞ്ഞു.  മൂകാംബിക റിസര്‍വ് ഫോറസ്റ്റിലെ ഒരു ശലഭോദ്യാനത്തിന്റെ ബോര്‍ഡ്
വരുന്ന വഴി കാണാന്‍ സാധിച്ചു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണാത്ത പലയിനം
ശലഭങ്ങളെ കുടജാദ്രിയിലേക്കുള്ള യാത്രയില്‍ കണ്ടെങ്കിലും ഫോട്ടോ
എടുക്കാനുള്ള സാഹചര്യമുണ്ടായില്ല.

ഇടയിലുള്ള സമതലപ്രദേശം

അട്ടകളെ കൊണ്ട് കാല് പൊതിഞ്ഞു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നേരത്തെ പെട്ടിട്ടില്ലാത്തത് കൊണ്ട് വഴിയരികിലെ ഒരു പാറയില്‍ ഇരുന്നു. നടത്തം നിര്‍ത്തിയമാത്രയില്‍ കൂടുതല്‍ അട്ടകള്‍ കയറി തുടങ്ങി. അട്ടയ്ക്കെതിരെ പ്രയോഗിക്കാന്‍ എടുത്ത് വച്ച് ഉപ്പിന്റെ പൊതി ബാഗില്‍ എത്ര നോക്കിയിട്ടും കാണാനില്ല. അവസാനം തീപ്പെട്ടി കത്തിച്ച്  വച്ചാണ് ഇവരുടെ പിടി വിടിയിച്ചത്. എന്റെ വയറില്‍ വരെ അട്ടയെത്തി. എത്രയും വേഗത്തില്‍ പാന്റ് മാറി മുണ്ട് ചുറ്റി. മുന്നിലൂടെ നടന്നുപോയര്‍ ഷര്ട്ട് പോലും ഇടാതെ നടക്കുന്നതിന്റെ കാര്യം അപ്പോഴാണ് മനസ്സിലായത്. നിലക്കാത്ത രക്തപ്രവാഹവുമായുള്ള കാലുമായി അങ്ങനെ വീണ്ടും നടന്നുതുടങ്ങി.

കൂടെയുണ്ടായിരുന്ന കുട്ടികള്‍ വീട്ടിലേക്ക് പോയിട്ടുണ്ടാവണം. അവരോട് ഒരു ബൈ പോലും പറയാന്‍ പറ്റിയില്ല.

പുട്ടും കടലേം

മലമുകളിലേക്കുള്ള യാത്രാമധ്യേ ഒരു ചായക്കടയുണ്ട്. ചന്ദ്രനില്‍ പോയാലും
അവിടെ മലയാളിയുടെ ഒരു ചായക്കടയുണ്ടാവുമെന്ന് പറയുന്നത് പോലെ.
തങ്കപ്പേട്ടന്റെ ചായക്കട. നല്ല രസികന്‍ പുട്ടും കടലേം സ്ട്രോങ് ചായേം
കിട്ടും.

 

തങ്കപ്പന്‍ ചേട്ടനും കൊച്ചുമകളും

 

 

 

 

കാട്ടില്‍ വന്ന് പോകുന്നവര്‍ക്ക് വഴിമധ്യേ ഭക്ഷണം കിട്ടാവുന്ന ഏക
സ്ഥലം ഇത് മാത്രമാണ്. പത്തു മുപ്പത്തഞ്ച് കൊല്ലം മുമ്പ് കര്‍ണ്ണാടക
ഫോറസ്റ്റ് ഡിപാര്‍ട്ട്മെന്റ് തങ്കപ്പേട്ടന്റെ അച്ഛന്റെ കാലത്ത് അനുവദിച്ച
സ്ഥലത്താണ് ചായക്കട. അട്ടയ്ക്കെതിരെ പ്രയോഗിക്കാനുള്ള സ്പെഷല്‍ കിഴിയും ഇവിടെനിന്ന് കിട്ടും. കൂടാതെ കാട്ടുതേന്‍ തുടങ്ങിയ സാധനങ്ങളും ഇവിടെ കിട്ടും

തങ്കപ്പേട്ടന്റെ ചായക്കട
കാട്ടിലെ വഴികാട്ടികള്‍

ഇവിടെ എല്ലാ വീടുകളിലും നായ്ക്കളുണ്ട്. പുലിശല്യമുള്ളതിനാലാവണം ഇവയെ വളര്‍ത്തുന്നത്. തങ്കപ്പേട്ടന്റെ ഹോട്ടലിനോട് ചുറ്റിപ്പറ്റി നാലോളം നായ്ക്കളുണ്ട്. കുടജാദ്രിയിലേക്ക് കയറുന്നവരെ ഇവരെ ചിലപ്പോള്‍ അനുഗമിക്കാറുണ്ട്. പുറത്ത് നിന്ന് വരുന്നവരോട് വളരെ ഇണങ്ങുന്ന സ്വഭാവമുള്ളവയാണ്. മറ്റു നായ്ക്കള്‍ ഇവരുടെ അതിര്‍ത്തിയില്‍ കയറിയാല്‍ ഇവരുടെ ശരിക്കുള്ള  മുഖം കാണാം.

മുരളിയേട്ടനും സംഘവും

 

 

 

 

ചായക്കടയില്‍ നിന്ന് എനിക്ക് കൂട്ടായി കോഴിക്കോടുന്നിന്നുള്ള ഒരു സംഘത്തെ കിട്ടി. ഹിന്ദുസ്ഥാന്‍ കളരിയുമായി ബന്ധപ്പെട്ട മുരളിയേട്ടനും സംഘവും. അവര്‍ സ്ഥിരമായി ഇടയ്ക്കിടയ്ക്ക് കുടജാദ്രി കയറുന്നവരാണ്.സംസാരിച്ചതില്‍ നിന്ന് എനിക്ക് പറ്റിയവരാണെന്ന് തോന്നിയതിനാല്‍ ഇനിയുള്ള യാത്ര ഇവരുടെ കൂടെയാക്കാമെന്ന് വച്ചു.

കയറ്റത്തിലെ ആദ്യ ഫേസ് ഏകദേശം 6km പൂര്‍ത്തിയായി.ചായക്കടയില്‍ കുറച്ച് നേരം വിശ്രമിച്ചശേഷം യാത്ര വീണ്ടും തുടര്‍ന്നു. ശരിക്കുള്ള കയറ്റങ്ങള്‍ ആരംഭിക്കുന്നതേയുള്ളൂ. കാടിന്റെ വന്യമായ ശബ്ദം കേട്ടുതുടങ്ങി. ചീവീടുകളുടെ മുഴക്കം മാത്രം.

By Manojk (Own work) [CC-BY-SA-3.0], via Wikimedia Commons

കയറ്റങ്ങള്‍

യാത്രയില്‍ നില്‍ക്കുന്നത് അട്ടകള്‍ കൂടുതല്‍ കയറുന്നതിന് കാരണമാകും. അതുകൊണ്ട് നിര്‍ത്തായെയുള്ള കയറ്റമായിരുന്നു. ഇടയ്ക്ക് പെയുന്ന മഴയില്‍ കുതിര്‍ന്ന മണ്ണ് കൂടുതല്‍ വെല്ലുവിളിച്ചുകൊണ്ടിരിന്നു.

കയറും തോറും സുന്ദരമായ ദൂരകാഴ്ചകള്‍ കണ്ടുതുടങ്ങി. സുന്ദരമായ പ്രകൃതിയുടെ ഈ തപോവനഭൂമിയുടെ കാഴ്ചകള്‍ എത്ര കണ്ടാലും മതിവരില്ല. കൂടുതല്‍ കയറാന്‍ മോഹിപ്പിക്കുന്നതാണ് ഈ വഴിയ്ക്കുള്ള ട്രക്കിങ്ങ്. ജീപ്പില്‍ കുടജാദ്രിയില്‍ വന്നപോകുന്ന ടൂര്‍റിസ്റ്റ് തീര്‍ഥാടകര്‍ക്കൊന്നും ഈ സുഖം അവകാശപ്പെടാനില്ല.

സഹ്യന്റെ ചേതോഹരമായ വനത്തിലൂടെ പൂക്കളുടെ സൗരഭ്യവും പക്ഷികളുടെ സ്വരരാഗങ്ങളും കേട്ട് ഇടയ്ക്ക് മിന്നിമറയുന്ന കാട്ടുപോത്തുപോലുള്ള വന്യജീവികളെ വഴിയില്‍ പ്രതിക്ഷിച്ച് മലഞ്ചെരുവിലൂടെ ആകാശകാഴ്ചകളും  കണ്ട് കോടമഞ്ഞിന്റെ തണുപ്പിലേക്ക് നടന്നുപോകുന്നതിന്റെ സുഖം അനുഭവിക്കുക തന്നെ വേണം.


 

 

 

 

 

 

 

 

വഴിയില്‍ നിന്ന് ശേഖരിച്ച കാട്ടുപോത്തിന്റെ കാല്പാട്. ഞങ്ങള്‍ വരുന്നതിന്റെ തൊട്ടുമുമ്പുവരെ അതവിടെയുണ്ടായിരുന്നു.
കുടജാദ്രിയിലെ ചായക്കട.
അവിടത്തെ ക്ഷേത്രത്തിലെ പൂജാരിയുടെ വീട് താമസസ്ഥമുണ്ടോയെന്ന് തിരക്കാന്‍ ആദ്യം അവിടെയാണ് പോയത്. മഴകാരണം ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ സ്ഥമുണ്ടാവില്ലെന്ന് കുടുംബനാഥ പറഞ്ഞു.

 

കുടജാദ്രിയിലെ ഭദ്രകാളീ ക്ഷേത്രം
ചായക്കടയുടെ അടുത്തുള്ള ഒരു കുടുസുമുറീറിയില്‍ താമസം പറഞ്ഞുവച്ചു. ഒരാള്‍ക്ക് 100 രൂപയോളം വരുമെന്ന് പറഞ്ഞു. മഴകൊള്ളാതെ കയറിയിരിക്കാന്‍ ഒരിടം എന്നതില്‍ കവിഞ്ഞ് ഇവിടെ സുഖസൗകര്യങ്ങളൊന്നുമില്ല. കര്‍ണ്നാടക പൊതുമരാമത്ത് വകുപ്പിന്റെ ഒരു കോട്ടേഴ്സ് ഉണ്ട്. നേരത്തെ അധികാരികള്‍ വഴി ബുക്ക് ചെയ്ത് വന്നാലെ അത് ഉപയോഗിക്കാന്‍ പറ്റു. കെട്ടിടം കണ്ടിട്ട് നല്ല സൗകര്യങ്ങളുള്ലതാനെന്ന് തോന്നി.
ക്ഷേത്രത്തിന്റെ ഉടമസ്ഥന്‍
കാലഭൈരവന്റെ ക്ഷേത്രവും തുരുമ്പെടുക്കാത്ത ഇരുമ്പ് തൂണും
ഇരുമ്പ് തൂണിന്റെ ക്ലോസപ്പ്. ഇതുപൊലൊന്ന് ഡല്‍ഹിയിലും ഉണ്ടെന്ന് കേട്ടിട്ടുണ്ട്.
കുടജാദ്രിയിലെ വൈകുന്നേരം. ജീപ്പില്‍ തിരിച്ചു പോകാന്‍ നില്‍ക്കുന്ന ഒരു സംഘം.
പോസ്റ്റിന്റെ നീളം കുറേ കൂടിപ്പോകുന്നതിനാല്‍ കുടജാദ്രിയിലെ വിശേഷങ്ങളും ചിത്രങ്ങളും രണ്ടാമതൊരു ഭാഗമായി എഴുതുന്നതാണ് നല്ലതെന്ന് തോന്നുന്നു. എഴുത്ത് അത്ര സുഖകരമല്ലാത്ത ഏര്‍പ്പാട് ആയതുകൊണ്ട് ചിത്രങ്ങളും അടിക്കുറുപ്പുകളും മാത്രമേ എന്നില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ. ഐതിഹ്യങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും കുടുതല്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
രാത്രിയിലെ മെഴുകുതിരി വെളിച്ചതില്‍.. വീട്ടില്‍ നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന ചപ്പാത്തിയും ചിപ്സും ബ്രഡും ജാമും ശരിക്കും ഉപകാരപ്പെട്ടു.

ഒരു രാത്രി കുടജാദ്രിയില്‍ തങ്ങണമെന്നത് ആഗ്രഹമായിരുന്നു. കോടമഞ്ഞിന്റെ തണുപ്പില്‍ മൂടിപ്പുതച്ച് സുഖമായി ഉറങ്ങി.

 

രണ്ടാം ദിവസത്തെ കാഴ്ചകള്‍ / കുടജാദ്രിയിലെ ശങ്കരപീഠവും ചിത്രമൂലയും ഗണപതിഗുഹയുമെല്ലാം അടുത്ത പോസ്റ്റില്‍..