Tag Archives: KSSP

പാപ്പൂട്ടിമാഷുടെ ജ്യോതിഷവും ജ്യോതിശാസ്ത്രവും

പാപ്പൂട്ടി മാഷും കോപ്പിലെഫ്റ്റ് ആകുന്നു !

മലയാളത്തിന്റെ പുസ്തക പ്രസാധനരംഗത്തും അവയുടെ വിതരണ-പകര്‍പ്പാവകാശനിയന്ത്രങ്ങളില്‍ വളരെ പുരോഗമനപരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പല എഴുത്തുകാരും അവരുടെ കൃതികള്‍ സ്വതന്ത്രലൈസന്‍സിലേക്ക് പ്രസിദ്ധീകരിക്കാനായി മുന്നോട്ടുവരുന്നു. അവ ഇത് വായിക്കപ്പെടുന്ന/ഇഷ്ടപ്പെടുന്നവരുടെ സമൂഹം ഡിജിറ്റൈസ് ചെയ്ത് (സ്കാന്‍ ചെയ്ത്, യൂണീക്കോഡ് മലയാളത്തില്‍ മുദ്രണം ചെയ്ത്) ലോകത്തെ ഏതൊരു മലയാളിയ്ക്കും ലഭിക്കത്തവിധത്തിലും വരുന്ന തലമുറയ്ക്ക് വേണ്ടിയും ആര്‍ക്കേവ് ചെയ്ത് സൂക്ഷിയ്ക്കുന്ന ഒരു സ്ഥിതിവിശേഷം.  എം.പി പരമേശ്വരന്റെ വൈരുധ്യാത്മക ഭൗതികവാദം പോലുള്ള പുസ്തകങ്ങള്‍ക്കൊക്കെ ഇത്രയേറെ വായനക്കാരുണ്ടെന്നത് അത് അത്രവേഗത്തില്‍ ഡിജിറ്റൈസ് ചെയ്യാന്‍ മുന്നോട്ട് വന്ന സമൂഹം തെളിയ്ക്കുന്നു. പക്ഷേ ഇതുപോലുള്ള ബദല്‍ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ആവശ്യമായ മാധ്യമശ്രദ്ധ കിട്ടുന്നില്ലെന്ന പരിഭവം ഇല്ലാതില്ല.

ഇപ്പോഴുള്ള ചൂടുള്ള വാര്‍ത്ത, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായ പാപ്പൂട്ടിമാഷുടെ   ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും എന്ന പുസ്തകം ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിലേയ്ക്ക് പ്രസിദ്ധീകരിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നു എന്നതാണ്. വിഞ്ജാനവിതരണത്തിനായി മുന്നിലുള്ള വിലക്കായ പകര്‍പ്പാവകാശമെന്ന ചങ്ങലയെ പൊട്ടിച്ചെറിയുകയാണിവിടെ. ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 2.5 ഇന്ത്യ അനുവാദപത്ര പ്രകാരമാരം ആര്‍ക്ക് വേണമെങ്കിലും ഈ കൃതി പുനരുപയോഗിക്കാനാകും.

ജ്യോത്സ്യം എന്ന അന്ധവിശ്വാസത്തിന്റെ ഭാഗമായി നടക്കുന്ന തട്ടിപ്പുകളെ സരസമായും ശാസ്ത്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലും ഈ പുസ്തകം തുറന്നുകാട്ടുന്നു. ജ്യോത്സ്യം, ജ്യോതിഷം, ജ്യോതിശാസ്ത്രം തുടങ്ങിയവ തമ്മിലുള്ള വ്യത്യാസങ്ങളും അവയുടെ ഉള്ളുകള്ളികളും ഈ പുസ്തകം ആധികാരികമായി വിശകലനം ചെയ്യുന്നു. പാപ്പൂട്ടിമാഷിന്റെ ഉദാത്ത രചനകളിലൊന്നാണിത്.

ഈ കൃതിയുടെ ഡിജിറ്റൈസേഷന്‍ വിക്കിഗ്രന്ഥശാലയില്‍ പുരോഗമിക്കുകയാണ്. താങ്കള്‍ക്കും ഇതില്‍ പങ്കുചേരാവുന്നതാണ്. സൂചികാ താളിയേക്കുള്ള കണ്ണി

DJVU ഫയലിലേയ്ക്കുള്ള കണ്ണി

പാപ്പൂട്ടി മാഷിനൊപ്പം പുസ്തകം കോമണ്‍സിലെത്തിക്കാന്‍ പരിശ്രമിച്ച സി.എം. മുരളീധരനും, ശ്രീലേഷിനും, സുജിത്ത് വക്കീലിനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ മറ്റ് സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.